എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

ജൂൺ 5 ന് തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് ​​എസ് എ കോർഡിനേറ്റർ ശ്രീമതി സിജി ടീച്ചർ , ഹെഡ്‌മി‌സ്ട്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി. പച്ചക്കറി കൃഷി, കരനെൽ കൃഷി എന്നിവ മറ്റ് പ്രവർത്തനങ്ങളാണ്.


കരനെൽ കൃഷി

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷിക്ക് ഞവര വിത്തിറക്കി. അടാട്ട് കൃഷി ഓഫീസർ ശ്രീമതി സ്മിത ഫ്രാൻസിസ്, അടാട്ട്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീമതി ശൈലജ ശ്രീനിവാസൻ, ശ്രീ വിൻസെന്റ്, പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മറ്റു പ്രതിനിധികളും അധ്യാപകരും ചേർന്നാണ് വിത്ത് വിതച്ചത്. വ്തക്കലിനൊപ്പം വിത്തുപാട്ടും ആലപിച്ചു. കുട്ടികളിൽ കൃഷിയിലുള്ള താല്പര്യവും സംസ്കാരത്തനിമയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവവള നിർമ്മാണവും നടത്തി വരുന്നു.

പച്ചക്കറി കൃഷി

2018 ജൂലൈ പത്തിന് കഴിഞ്ഞ വർഷം സ്കുൾ പരിസരത്ത് നട്ടുവളർത്തിയ മരിച്ചീനി വിളവെടുത്തു. ജൂലൈ പത്തൊമ്പതിന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് നൽകി. ജൂലൈ ഇരുപത്തിമൂന്നിന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പച്ചക്കറിതൈകൾ നട്ടുകൊണ്ട് പി ടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ പ്രധാനാധ്യാപിക സുമ എൻ കെ, അഗ്രികൾച്ചർ അസിസ്റ്റൻറ് രജിത എന്നിവർ പങ്കെടുത്തു. വെണ്ട, വഴുതന, ചീര, കുമ്പളം, വെള്ളരി, പച്ചമുളക്, ചേമ്പ്,ചേന തുടങ്ങിയവയെല്ലാം സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്യുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

2022-23 അക്കാദമിക വർഷത്തിൽ വിവിധ ക്ലാസ്സുകളിൽ നിന്നായി 51 കുട്ടികളുടെ നേതൃത്വത്തിലാണ്  ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയത്. ഒപ്പം കോർസിനേറ്റർമാരായി സയൻസ്    അധ്യാപകരായ സി ആർ നിമിതയും എം സജിതയും. പരിസ്ഥിതിയെ സംരക്ഷിക്കു , ഭൂമിയെ നിലനിർത്തു എന്ന ആഹ്വാനവുമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. മണ്ണും ജലവും നിലനിർത്താൻ, പ്ലാസ്റ്റിക് രഹിത ഭൂമിയെ വാർത്തെടുക്കാൻ പ്രേരണ നൽകുമാറുള്ള ബോധവത്ക്കരണ സന്ദേശം അന്നേ ദിവസം അസംബ്ലിയിൽ കുട്ടികൾക്ക് നൽകുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ അവബോധം  ഉണർത്തുന്നതിനായി പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ഇവയുടെ പ്രദർശനവും ശ്രദ്ധേയമായി.

മൈക്രോഗ്രീൻസ്

കൃഷിസ്ഥലമോ വലിയ പരിചരണമോ ഇല്ലാതെ ഇലക്കറികളായി ഉപയോഗിക്കാവുന്ന ചെടികൾ അടുക്കളയിലോ ബാൽക്കണിയിലോ ഉണ്ടാക്കാൻ കഴിയുന്ന കൃഷിരീതിയായ മൈക്രോഗ്രീനിൽ കുട്ടികൾക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക് പാത്രങ്ങൾ, ഉപയോഗം കഴിഞ്ഞ് ഒഴിവാക്കുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ എന്നിവയിൽ വിത്ത് പാകി ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്ത് വളർത്തിയെടുക്കുന്നു. ഇലക്കറി ഇനത്തിൽ പെട്ട പയർ, ചെറുപയർ, കടല, ഉഴുന്ന് എന്നിവയുടെ വിത്ത് മുളപ്പിച്ച് വളർത്തിയെടുക്കുന്നവയാണ് മൈക്രോഗ്രീൻ. അതായത്, രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരു തണ്ടും തളിരിലകളും ചേർന്നതാണിത്. മറ്റേതിലക്കറികളെക്കാളും പോഷകഗുണം ഇതിനുണ്ട്. ഇത്തരത്തിലുള്ള മൈക്രോഗ്രീൻ പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ചും അവ വളർത്തിയെടുക്കേണ്ട രീതിയെ കുറിച്ചുമാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.  ഈ പ്രക്രിയയിലൂടെ വളർത്തിയെടുത്ത മൈക്രോഗ്രീൻസ് കുട്ടികൾ ഉച്ചഭക്ഷണത്തിലേക്ക് നൽകി.

ഭക്ഷണം പോഷക സമൃദ്ധം

പോഷക സമൃദ്ധമായ ഭക്ഷണത്തിലൂടെ മാത്രമേ ആരോഗ്യം ചിട്ടയായി നിലനിർത്താനാവൂ എന്ന അവബോധം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആഹാരത്തിൽ പോഷക ഘടകങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാ ക്ലാസ്സുകളിലും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. കൃത്രിമ ചേരുവകളില്ലാതെ ആരോഗ്യകരമായ ഭക്ഷണം പ്രദാനം ചെയ്യാൻ വേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ബോധവത്ക്കരണം കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കിക്കൊണ്ടുവന്ന നാടൻ ഭക്ഷണവിഭവങ്ങളുടെ പ്രദർശനവും നടന്നു.

ചെറുധാന്യങ്ങൾ അത്ര ചെറുതല്ല

ചെറുധാന്യങ്ങളുടെ (മില്ലറ്റ്) പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അസംബ്ലിയിലും ക്ലാസ്സുകളിലും ബോധവത്ക്കരണം നൽകി. പോഷക സമൃദ്ധമായ മില്ലറ്റുകൾ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും നടന്നു.  ഒട്ടേറെ വിഭവങ്ങൾ മില്ലറ്റുകൾ ഉപയോഗിച്ച് ഉണ്ടാക്കാമെന്നും അവ കൂടുതൽ പോഷക സമൃദ്ധമാണെന്നും ഉള്ള ഒരവബോധം ഉണ്ടാക്കാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചു.

ചിത്രശാല

ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24

ജൂൺ 5ന് പരിസ്ഥിതി ദിനം വലിച്ചെറിയൽ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ സുരേഷ് ബാബു ക്ലാസ്സ് എടുത്തു. വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം നടത്തി. ഇതിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക് ഒഴിവാക്കാൻ ആയി ബ്രും ചലഞ്ച് നടത്തി കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന ഈർക്കിൽ ചൂലുകൾ ഓരോ ക്ലാസ് റൂമിലേക്കും വിതരണം ചെയ്തു. വിവിധ ഔഷധസസ്യങ്ങളെയും നാട്ടുമാവുകളെയും അസംബ്ലിയിൽ പരിചയപ്പെടുത്തി. ഗാന ഗന്ധർവൻ യേശുദാസിന്റെ ശതാഭിഷേകം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് സ്കൂൾ അസംബ്ലിയിൽ ആഘോഷിച്ചു.