അറിയുന്നു ഞാനിന്നു മുത്തശ്ശിക്കഥകളിൽ
പൊളിയില്ല തെല്ലും പതിരുമില്ല
തകരയും താളും തഴുതാമയും പിന്നെ
പുഴമീനുമുണ്ടെങ്കിൽ മൃഷ്ടാന്നമായ്
പണമൊന്നുമില്ലെങ്കിലും തേൻവരിക്കതൻ
പഴമൊന്നു കിട്ടിയാലാഹ്ളാദമായ്
അകലേയ്ക്കു യാത്റകളില്ലെങ്കിലുംനമു
ക്കരികിലുണ്ടൊരുപാടു സൗന്ദര്യങ്ങൾ
മഹാമാരിയെഭയന്നീമതിൽക്കെട്ടിൻ
തടവിൽനാം പതറാതെ പൊരുതിടുമ്പോൾ
ഇതുവരെ കേൾക്കാതെ പോയൊരുഗാനത്തിൻ
മധുരിതതാളമുയരുന്ന പോൽ
പറയുവാൻ കേൾക്കുവാൻ നേരമില്ലെന്നുള്ള
പരിഭവങ്ങൾ മാഞ്ഞുപോയിടുമ്പോൾ
ഒരുമയോടെയൊന്നു കൈകൂപ്പിയാൽ സ്വർഗ
മരികിലെത്തീടുമെന്നറിയുന്നു നാം