എയി‍ഡഡ് സീനിയർ ബേസിക് സ്കൂൾ മഞ്ഞളൂർ, പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ൽ ശ്രീ. സീതാരാമയ്യർ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാ ലുവരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നാല് അദ്ധ്യാപകരും, 95 കുട്ടികളും എന്ന നിലയിൽ തുടങ്ങിയ വിദ്യാലയത്തിൽ നഴ്‌സറി ക്ലാസ്സിനു സമാനമായ ശിശുക്ലാസ്സുകളും ഉണ്ടായിരുന്നു. ശ്രീ. സീതാരാമയ്യർ തന്നെയായിരുന്നു പ്രധാനാധ്യാപകനും. 1910ൽ ശ്രീ. കെ. പി. ഗോപാലൻകുട്ടി മേനോൻ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു. അപ്പോഴും വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല. 1919ൽ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടിൽ ശ്രീ. കേശവൻ നായർ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി. 1920ൽ ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1923ൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക് സൌത്ത് മലബാർ ഡി. ഇ. ഒ. യിൽ നിന്ന് സ്ഥരാംഗീകാരം ലഭിച്ചു.

         1950-51 അദ്ധ്യയന വർഷത്തിൽ ആറാം ക്ലാസ്സിനും തുടർന്നുള്ള വർഷങ്ങളിൽ 7, 8 ക്ലാസ്സുകൾക്കും താൽക്കാലികാംഗീകാരം കിട്ടിയതോടെ ഈ വിദ്യാലയം സീനിയർ ബേസിക് സ്കൂൾ ആയി. 1962ൽ യു. പി. വിഭാഗത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. അപ്പോഴേയ്ക്കും വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗമെന്നത് ഏഴാംതരംവരെയായി നിജപ്പെടുത്തിയിരുന്നു. 1957ൽ ശ്രീ. കേശവൻ നായരുടെ നിര്യാണത്തെതുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവനും ഈ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ. എം. കെ. വിശ്വനാധൻ നായർ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു. 2000ൽ ശ്രീമതി. പി. ദേവു, ശ്രീമതി. പി. സുശീല എന്നിവർ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു. നിലവിൽ ഈ വിദ്യാലയം അഡ്വ. രാജേഷ് പനങ്ങാട് ഏറ്റെടുത്ത് നടത്തി വരുന്നു.
         ആരംഭകാലത്ത് അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയനുസരിച്ചായിരുന്നു അധ്യയനം നടത്തിയിരുന്നത്. ഇതനുസരിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷിയിലും മറ്റ് കൈത്തൊഴിലുകളിലും കുട്ടികൾക്ക് പരിശീലനം നല്കിയിരുന്നു. കാലം കടന്നുപോകവേ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ഗ്രാമീണർ, തങ്ങളുടെ കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് അയച്ചു തുടങ്ങി. അതോടെ ആയിരത്തോളം വിദ്യാർത്ഥികളും  28 അദ്ധ്യാപകരും എന്ന നിലയിലേക്ക് സ്ഥാപനം വളർന്നു. ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ഇന്ന് സമുഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്. കുട്ടികളുടെ കലാകായിക സർഗ്ഗശേഷികൾ വികസിപ്പിച്ചെടുക്കാൻ ഈ വിദ്യാലയം എന്നും സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു. നിലവിൽ ഈ വിദ്യാലയത്തിൽ 221 വിദ്യാർത്ഥികളും 17 ജീവനക്കാരുമുണ്ട്. 
           ഇപ്പോൾ പ്രധാനാധ്യാപികയായി ശ്രീമതി. ഒ. സുജാത സേവനം അനുഷ്ഠിക്കുന്നു. നടപ്പു വർഷം മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് അഡ്വ. രാജേഷ് പനങ്ങാട് ഏറ്റെടുത്ത് നടത്തിവരുന്നു.