ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക സാംസ്കാരിക ചരിത്രം

മുൻകാലങ്ങളിൽ തമിഴ്നാട്ടിലേയ്ക്ക് കച്ചവട ആവശ്യത്തിനായി ധാരാളം കാളവണ്ടികൾ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോയിരുന്നത് . അവർ വിശ്രമത്തിനായി തമ്പടിച്ച സ്ഥലം ഇന്ന് വണ്ടിത്താവളം എന്ന പേരിലറിയപ്പെടുന്നു .

വിളയോടി . നമ്പൂരി എന്നിവിടങ്ങളിൽ പണ്ഡിത ശ്രേഷ്ഠന്മാർ മസിച്ചിരുന്നതായും അവരുടെ ശിക്ഷണം നേടാനായി കാഞ്ചീപുരം , തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്ന് പലരും വന്ന് താമസിച്ചിരുന്നതായി ചരിത്ര രേഖകൾ കാണുന്നു . ഒരു പക്ഷേ തുഞ്ചത്താചാര്യൻ തൊട്ടടുത്ത ശോകനാശിനി പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് താമസിച്ചതും ഇതുകൊണ്ടാവാം .

കല്യാണപ്പേട്ടയുടെ സമീപ പ്രദേശമായ വേമ്പ്ര എന്ന സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വേപ്പു മരവും അപസ്മാര കോവിലുമുണ്ട് . അപസ്മാര രോഗമനത്തിനായി ജാതിമതഭേദമന്യേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വരുന്നു . ഇത് ഇവിടെ മാത്രം കാണുന്ന പ്രത്യേകതയാണ്.

പണ്ടു മുതലേ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് ഉദാഹരണമാണ് തൊട്ടടുത്ത പ്രദേശമായ വണ്ടിത്താവളത്തെ അടി അവൂലിയ , ചിന്നമീരാൻ പള്ളിയുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചന്ദനക്കുടം മഹോത്സവം .

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ചില പ്രാദേശികോത്സവങ്ങളും ഇവിടെ നടത്തി വരുന്നു . വൃശ്ചിക മാസം അവസാനത്തെ ഞായറാഴ്ച പനയോല കൊണ്ട് നെൽകതിർക്കൂട് ഉണ്ടാക്കി വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ആർപ്പു വിളിച്ച് ക്ഷേത്രങ്ങളിലേയ്ക്ക് കൊണ്ടു പോവുക പതിവായിരുന്നു . “ കതിർ ' എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവം ഇന്ന് ഒരു ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു . നന്ദിയോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശൂരസംഹാരം ' എന്ന ഉത്സവം നല്ല നിലയിൽ നടത്തി വരുന്നു . രണ്ടാം വിളവെടുപ്പിന് ശേഷം പൊങ്കൽ ” ഓരോപ്രദേശത്തിനും പ്രത്യേകം മാരിയമ്മൻ കോവിലുകൾ ഉണ്ട്. ഓരോ കോവിലുകളിലും പ്രത്യേകം പൊങ്കൽ ആഘോഷിക്കാറുണ്ട്.മുൻകാലങ്ങളിൽ കൃഷിപ്പണി ആരംഭിച്ചിരുന്നത് വിഷുപുലരിയിൽ കൃഷിയിടങ്ങളിൽ ചാലിടുക എന്ന പരമ്പാരഗത ചടങ്ങോടു കൂടിയാണ് . തൊഴിലാളികൾക്ക് വിഷു അളവായി നിറപറ നെല്ല് , നാളികേരം , ചക്ക , മാങ്ങ എന്നിവ നൽകിയിരുന്നു .