"സെൻറ് മേരീസ് എൽ പി സ്ക്കൂൾ എടൂർ "/ കൂടുതൽ അറിയാം

ചരിത്രം

ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പാലാരിഞ്ഞാൽ ശിവക്ഷേത്രവും 1000 കൊല്ലത്തെ പഴക്കമുണ്ടെന്നഭിമാനിക്കുന്ന മുണ്ടയാംപറമ്പ ദേവീക്ഷേത്രവും എടൂർ മേഖലയിലുണ്ട്. കരിമ്പാലർ, അരയന്മാർ, മലമ്പണ്ടാരങ്ങൾ, പണിയർ, കുറിച്യർ, മലയന്മാർ തുടങ്ങിയ ജനതതി കുടിയേറ്റത്തിനു മുൻപ് ഇവിടെ ഉണ്ടായിരുന്നു.

നിരക്ഷരായ ആദിവാസികൾ അധിവസിച്ചിരുന്ന ഈ പ്രദേശത്തു കുടിയേറ്റത്തിന് മുൻപ് വിദ്യാഭ്യാസ സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണറിവ്. 1946 ൽ ഒന്നും, രണ്ടും, മൂന്നും, നാലും ക്ലാസ്സുകളിൽ പഠിച്ചിരുന്നവർ ഇവിടെ വീണ്ടും ഒരുമിച്ച് ഒന്നാം ക്ലാസ്സിൽ ഇരിക്കേണ്ടി വന്നു. ഈ നാട്ടുകാരൻ തന്നെയായ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

1947 ജൂൺ 24-)0 തിയ്യതി ബഹു. സി ജെ വർക്കിയച്ചൻ എടൂരിന്റെ വികാരിയായി. ഈ അവസരത്തിൽ കുടിയേറ്റം ശക്തമാവുകയും പള്ളിയും, സ്‌കൂളും ആയി ഉപയോഗിച്ചിരുന്ന ഷെഡ് തീരെ അപര്യാപ്തമാവുകയും ചെയ്തു. ബഹു. വർക്കിയച്ചന്റെ നേതൃത്വത്തിൽ ഇടവകയുടെ മധ്യഭാഗത്തു അതിനുവേണ്ടി സ്ഥലം അന്വേഷണം തുടങ്ങുകയും ഇപ്പോൾ പള്ളി ഇരിക്കുന്ന തെയ്യം പാടിയിൽ 5 ഏക്കർ സ്ഥലം കൊരണ്ടിക്കവേലിൽ സെബാസ്റ്റ്യൻ, മുരിയങ്കരി മത്തായി, വട്ടംതൊട്ടിയിൽ സെബാസ്റ്റ്യൻ, എന്നിവർ സംഭാവനയായി നൽകുകയും ചെയ്തു. അങ്ങനെ 1948 ജൂണിൽ സ്‌കൂളും, പള്ളിയും തോട്ടം ഭാഗത്തു നിന്ന് എടൂരിലേയ്ക്ക് മാറ്റി.

1949ൽ ബഹു. ഫാ. ജോസഫ് കട്ടക്കയം സ്‌കൂൾ മാനേജരായി. അദ്ദേഹത്തിന്റെ കാലത്തു ഈ വിദ്യാലയം ഹയർ എലിമെണ്ടറിയായി ഉയർത്തപ്പെട്ടു. കോഴിക്കോട് രൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1954ൽ തലശ്ശേരി രുപതയുടെ കീഴിലായി. അതെ കൊല്ലം ബഹു.ഫാ.ഇളംതുരുത്തിയിൽ ദേവസ്യാച്ചൻ സ്‌കൂൾ മാനേജരായി. അദ്ദേഹം ഹൈസ്‌കൂളിനായി പരിശ്രമിക്കുകയും തത്‌ഫലമായി മദ്രാസ് ഗവണ്മെന്റിൽ നിന്നും ഇത് ഒരു മിഡിൽ സ്‌കൂളായി അനുവദിച്ചു കിട്ടുകയും ചെയ്തു. ഈ അവസരത്തിൽ എൽ പി സ്‌കൂൾ മിഡിൽ സ്‌കൂളിൽ നിന്നും വേർപ്പെടുത്തി. സംഭാവനയായി ലഭിച്ച സ്ഥലത്തു നാട്ടുകാരുടെ ഒത്തൊരുമയുടെ ശ്രമദാനമായി സ്‌കൂൾ കെട്ടിടം നിർമ്മിക്കുകയും പാറപ്പുറം മമ്മുഹാജി സ്‌കൂൾ കെട്ടിടത്തിനാവശ്യമായ തടി സംഭാവനയായി നൽകുകയും ചെയ്തു.

ക്രൈസ്തവരും, അക്രൈസ്തവരുമായ അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യര്ഹമായ സേവനം അനുഷ്ഠിക്കുകയും നാനാജാതി മതസ്ഥരായ കുഞ്ഞുങ്ങൾ വർഗ്ഗ വർണ വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുകയും ചെയ്തു വരുന്നു. 1946 സ്‌കൂൾ ആരംഭത്തിൽ സ്‌കൂൾ റെക്കോഡ് പ്രകാരം 87 കുട്ടികളിൽ 59 പേർ ക്രൈസ്തവരും, 28 പേർ അക്രൈസ്തവരും ആയിരുന്നു. തുടർന്ന് ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും എല്ലാ മത വിഭാഗങ്ങളിലുംപെട്ടവർ അദ്ധ്യയനം നടത്തുകയും ചെയ്തു പോരുന്നു. എൽ. പി സ്‌കൂൾ പഠനം ഇവിടെ നിന്നും പൂർത്തീകരിച്ച കുട്ടികൾ തൊട്ടടുത്ത ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന് ഉന്നത പഠനം തുടർന്നു വരുന്നു. 1954 ൽ ഈ വിദ്യാലയം തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി അവിടെ നിന്നിങ്ങോട്ട് സ്‌കൂളിന്റെ പുരോഗതിയ്ക്ക് കോർപറേറ്റിന്റെ എല്ലാ വിധ സഹായങ്ങളും ലഭിച്ചു വരുന്നു.

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സെന്റ്‌ മേരീസ് എൽ പി സ്‌കൂൾ സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്നു. ഓരോ വർഷവും സ്‌കൂൾ വാര്ഷികാഘോഷത്തിൽ പങ്കെടുക്കാൻ ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ ജനങ്ങൾ ഒരുമിച്ച് കൂടുന്നു. ഇലക്ഷൻ കേന്ദ്രം, മെഡിക്കൽ ക്യാമ്പുകൾ, ഗ്രാമ സഭകൾ, എക്സിബിഷനുകൾ, എന്നീ ആവശ്യങ്ങളിലും സെന്റ് മേരീസ് എൽ പി സ്‌കൂൾ അതിന്റെ വാതായനം തുറന്നിടുന്നു.

1948 ൽ പണിത ഓടിട്ട സ്‌കൂൾ കെട്ടിടത്തിന്റെ സ്‌ഥാനത്തു, ഇപ്പോഴുള്ള മനോഹരമായ കോൺക്രീറ്റു കെട്ടിടം വെരി. റവ.ഫാ.ആന്റണി പുരയിടത്തിൽ അച്ചന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചതാണ്.