സഹായം Reading Problems? Click here

സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൊന്ന് ഇരുന്ന പൊന്നുരുന്നി

വൈറ്റിലയ്ക്ക് വടക്കുവശം കുത്താപ്പാടിക്കു തെക്കുവശം ചെട്ടിച്ചിറയ്ക്കു കിഴക്കുവശം ചളിക്കവട്ടത്തിനു പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൊന്നുരുന്നി.പൊന്ന് ഇരുന്ന ഇടം പൊന്നുരുന്നി എന്ന പദനിഷ്പത്തിപ്രകാരം നിശ്ചയിക്കാം.ഈ സ്ഥലനാമത്തിന്റെ പിറകില്‍ ഒരു ഐതിഹ്യം ഒളിഞ്ഞിരിപ്പുണ്ട്.തൃപ്പൂണിത്തറയില്‍ നിന്നു കൊച്ചി രാജാവിന് ചൊവ്വരയില്‍ പെരിയാറില്‍ പള്ളിനീരാട്ടിനു പോകുന്നതിനു വേണ്ടി വെട്ടിയ പാതയാണ് വൈറ്റില പാലാരിവട്ടം റോഡ്.ഇതിനെ വെട്ടുവഴി എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്.എല്ലാ വഴികളും പറമ്പുകളിലൂടെ പുല്ലുകള്‍ നടന്നു തേഞ്ഞ വഴികളിലൂടെയാകുമ്പോള്‍ മനുഷ്യന്‍ ആയുധം ഉപയോഗിച്ച് നിര്‍മ്മിച്ച വഴിയാണ് വെട്ടുവഴി.റോഡിനോട് ചേര്‍ന്ന് തുറസ്സായ സ്ഥലങ്ങള്‍ കുതിരവണ്ടിക്കാര്‍ക്കും കുതിരകള്‍ക്കും വിശ്രമിക്കുന്നതിനായി പാതയോരങ്ങളില്‍ ഉണ്ടായിരുന്നു.പൊന്നുരുന്നിയില്‍ ഉണ്ടായിരുന്ന കോലേത്തും കുളം അത്തരത്തിലുള്ള ഒന്നണ്.പൊന്നുരുന്നിയില്‍ കൊച്ചി നഗരസഭ പണിതുയര്‍ത്തിയ ഷോപ്പിങ്ങ് ക്ലോംപ്ലക്സ് ഇരിക്കുന്ന ഭൂമി കോലേത്തും കുളം നികത്തി ഉണ്ടാക്കിയതാണ്. കോലേത്തും കുളം എന്നാല്‍ കോവിലകത്തെ കുളം എന്നര്‍ത്ഥം.ഈ പ്രദേശത്തെ ചില വീട്ടുപേരുകളും കോലോത്തും പടി എന്നാണ്.കുട്ടിളായ ഞങ്ങള്‍ക്ക് ഈ കുളം സ്വിമ്മിങ്ങ് പൂള്‍ ആയിരുന്നു.നീന്തല്‍ അറിയാത്ത ആരും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരിക്കല്‍ തൃപ്പൂണിത്തറ കോവിലകത്ത് രാജാവിനെ തൃക്കണ്‍പാര്‍ക്കുന്നതിനായി വന്ന ഒരു ബ്രാഹ്മണസംഘം പൊന്നുരുന്നി കോലോത്തും കുളത്തില്‍ കുളിച്ച് ദേഹശുദ്ധി വരുത്തി യാത്രയായി.ദീര്‍ഘദൂരം ചെന്നപ്പോഴാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കുളക്കടവില്‍ നിന്നു എടുക്കാന്‍ മറന്നുപോയ കാര്യം ഓര്‍മ്മിക്കുന്നത്.പരിഭ്രാന്തരായ സംഘം എല്ലാ ഈശ്വരന്മാരെയും മനസ്സില്‍ ധ്യാനിച്ച് കുളക്കടവില്‍ തിരിച്ചെത്തി.മഹാശ്ചര്യം.സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ഭാണ്ഡം ഇരുന്നിടത്തു തന്നെ ഇരിക്കുന്നു.സാത്വികരായ ബാഹ്മണസംഘം പൊന്നുരുന്നിയെ അനുഗ്രഹിച്ചു.പൊന്ന് ഇരുന്ന പൊന്നുരുന്നി എന്ന പേരും നല്‍കി.പൊന്നിരുന്ന പൊന്നുരുന്നി പൊന്നായിത്തീരട്ടെ എന്ന അനുഗ്രഹവചസ്സും ചൊല്ലി.മറ്റൊരു ഭാഷ്യം ഇവിടെ അധിവസിച്ചിരുന്ന നമ്പൂതിരിമാര്‍ ബ്രാഹ്മണ്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് മഹാരാജാവ് പടയെ വിട്ട് ഇവരെ ഇവിടെ നിന്നും ഓടിച്ചു.പൊന്നും വിലപിടിപ്പുള്ള വസ്തുക്കളും വിട്ടെറിഞ്ഞ് പാലായനം ചെയ്ത നമ്പൂതിരിമാര്‍ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ എല്ലാം അതേപടി സുരക്ഷിതമാക്കിയിരുന്നു.അവരും ഈ പ്രദേശത്തെ പൊന്നുരുന്നി എന്ന പേര്‍ നല്‍കി അനുഗ്രഹിച്ചു.പൊന്നുരുന്നി എന്ന പേര്‍ പതിയുന്നതിന് മുമ്പ് ഈ സ്ഥലത്തിന് ഒരു പേര് ഉണ്ടായിരുന്നിരിക്കണം.ഹൃദായകര്‍ഷകമയ അര്‍ത്ഥവത്തായ ഒരു നാമം നമ്മുടെ നാടിന് ഉണ്ടായിട്ടും വിദ്യാഭ്യാസം സിദ്ധിച്ച ഈ നാട്ടുകാര്‍ പോലും പൊന്നുരുന്നിയെ പുന്നുരുന്നി എന്നെഴുതി ഈ നാമത്തില്‍ മനോഹാരിതയെ ഹനിക്കുകയാണ്.എന്നാല്‍ ഇംഗ്ലീഷില്‍ പൊന്നുരുന്നി എന്നു തന്നെ എഴുതുന്നു.ചക്കരപറമ്പിനും ചളിക്കവട്ടത്തിനും അടുത്ത് പൊന്നുരുന്നിയോടു ചേര്‍ന്നു കിടക്കുന്ന സ്ഥലം ചെറു പൊന്നുരുന്നി എന്നറിയപ്പെടുന്നു. വൈറ്റിലയുടെ പ്രാന്തപ്രദേശങ്ങളായ ചമ്പക്കര,മരട്,എളംകുളം,ചെലവന്നൂര്‍,പാലാതുരുത്തി, കടവന്ത്ര,കലൂര്‍,കാരണക്കോടം,തമ്മനം,പാലാരിവട്ടം,വെണ്ണല,ചളിക്കവട്ടം,എരൂര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ മികച്ച പഠനകേന്ദ്രങ്ങള്‍ പൊന്നുരുന്നിയിലായിരുന്നു.സെന്റ്.റീത്താസ് ഹൈസ്ക്കൂളും,ക്രൈസ്റ്റ് ദി കിങ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂളും വളരെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍,സന്മാര്‍ഗ പ്രദീപം യോഗം എല്‍.പി.സ്കൂള്‍,പള്ളിതൃക്കോവില്‍ ക്ഷേത്രം,ശ്രീനാരായണേശ്വരം ക്ഷേത്രം,സന്മാര്‍ഗ്ഗ പ്രദീപം യോഗം,കപ്പൂച്ചിന്‍ ആശ്രമം,ക്രൈസ്റ്റ് ദി കിങ് കോണ്‍വെന്റ് ,റെയില്‍വേഗേറ്റിനു സമീപമുള്ള മുസ്ലീം പള്ളി ഇതെല്ലാം ചേര്‍ന്ന് ഈ പ്രദേശത്തിന് ആദ്ധ്യാത്മിക സാംസ്ക്കാരികമായ ഒരു ഉണര്‍വു നല്‍കിയിരിക്കുന്നു.1956-ല്‍ പൊന്നുരുന്നിയിലൂടെ എറണാകുളം കോട്ടയം ട്രെയിന്‍ ഓടിത്തുടങ്ങി.റെയില്‍പ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു.കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയും നെഹറുവിനോടൊപ്പം ഉണ്ടായിരുന്നു.ദേശിയപാത 47 വൈറ്റിലയെ കീറിമുറിച്ച് 1980 കളില്‍ ആരംഭിച്ചു. പൊന്നുരുന്നിയിലെ നാഷ്ണല്‍ ഹൈവേയിലെ മേല്‍പ്പാലവും തമ്മനം റോഡില്‍ ,പൊന്നുരുന്നി റെയില്‍വേ ക്രോസില്‍ പണി ആരംഭിക്കാന്‍ പോകുന്ന മേല്‍പ്പാലവും പൊന്നുരുന്നിയുടെ വികസന പാതയിലെ നാഴികക്കല്ലുകളാണ്.പൊതുമാര്‍ക്കറ്റും കടകളും എല്ലാം പണ്ടു മുതല്‍ഇവിടെ കേന്ദ്രീരകരിച്ചായിരുന്നു.ബ്രാഹ്മണസംഘത്തിന്റെ അനുഗ്രഹവചസ്സുകള്‍ ഫലിക്കുക തന്നെ ചെയ്യുന്നു. '