കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/നീ പോക മായാവിനി- - കവിത - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്



നീ പോക മായാവിനി....! (കവിത) 16/12/2009
-ആർ.പ്രസന്നകുമാർ.
(ജാതി - മത - ഭാഷാ വ്യത്യാസങ്ങൾ ചികഞ്ഞെടുത്ത് ജീവിതം മത്സരക്കളരിയാക്കുന്നവർക്കു സമർപ്പിക്കുന്നു.)

എന്നയൽക്കാരി...ആഭിചാരിണി
എന്നേ ഞാ൯ കണ്ടെത്തി ....മന്ത്രവാദിനി.
സായംകാലത്തു മുറ്റത്തു കളമെഴുതും -
മായാഭരിതം- നൂനമാരും കാണില്ലൊട്ടും.
സഹമന്ത്രവാദിനികൾ കളം കണ്ടെത്തും-
സഹസ്രേന പറന്നെത്തും നിശീഥങ്ങളിൽ.
മുട്ടിയുരുമ്മി അയൽക്കാരി തന്നടുക്കളയിൽ
ചുട്ട ഗന്ധമുയർത്തും 'സൂപ്പു' തീർക്കും ഉഷസ്സോളം.
അതി൯ ധൂമപടലങ്ങൾ തൂങ്ങി തൂങ്ങി - എ൯
വാതായനങ്ങളിൽ - ചിമ്മിനികളിൽ നില്പൂ.
ഏതോ കാക്ക, ഗതിയില്ലാതുഴലുന്നു-
പൈതങ്ങളെ ...സൂക്ഷിക്ക ! സൂക്ഷിക്ക!


എന്നയൽക്കാരി ...അന്യനാട്ടുകാരി
ഇന്നു ഞാ൯ കണ്ടെത്തി - അന്യമതക്കാരി.
പണ്ടേ വന്നവൾ - ഇളം പൈതലായിവിടെ
മണ്ടിനടന്നവൾ, മണ്ണു വാരിക്കളിച്ചവൾ.
എങ്കിലുമവൾ അന്യനാട്ടുകാരി - നിർണയം.
മങ്കയവൾ ഞങ്ങളെപ്പോലല്ല - അന്യഭാഷക്കാരി.
നിഗൂഢത ചൂഴുമവളെ അവിശ്വസിക്ക - കാഴ്ചക്കു-
രാഗലോലയെങ്കിലും - ചതിക്കുഴി തീർക്കയാവാം.
പകൽ സൗഹൃദപ്പുഞ്ചിരി തൂകുമവളുടെ -
'അകം' ആരു കണ്ടു, ഇരവിൽ സുതാര്യമായി.
ദൂരെ ..ദൂരെ നിൽക - പൈതങ്ങളെ - സൂക്ഷിക്ക!
നാരിയിവൾ അധമ കർമ്മിണി ...സൂക്ഷിക്ക!


പാടില്ല - ഇവളിനി സ്വതന്ത്രയായ് വിഹരിക്കുവാ൯
വിടില്ല - നിർദ്ദയം കെട്ടുകെട്ടിക്കണം - വിഷമമെങ്കിലും.
ഇപ്പോൾ മുതൽ - ആ ദുർമുഖം കാൺകിൽ ഞങ്ങൾ
തുപ്പിയാട്ടും - പുറം തിരിക്കും - 'ശവം പോയിത്തുലയട്ടെ'.
അജ്ഞാത വിശിഖങ്ങൾ - ഭീക്ഷണിക്കത്തുകൾ തൊടുക്കും
പജ്ജരമാകെ തകർക്കാ൯ - കല്ലെറിയും ജനാലയിങ്കൽ.
അവളറിയണം - അറിഞ്ഞേ തീരൂ - ഞങ്ങളെ -
കവർന്നിനി കഴിയണ്ട - നീ പോക മായാവിനി....!
മുന്നറിയിപ്പുകൾ തള്ളിക്കളയുമവൾ വിഹരിക്കെ
ഇന്നില്ല ഞങ്ങളിൽ ശാന്തി - സമാശ്വാസ സാന്ത്വനം.
വേണ്ടിനി - സന്ധി സംഭാഷണം - തള്ളിക്കയറുക
തെണ്ടിയിവളെ തകർക്ക - ജനതതി നിങ്ങൾ.