കുരിശുമല തീർത്ഥാടന കേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്

ക്രിസ്‌തുവിന്റെ പീഡാസഹനത്തെ അനുസ്‌മരിച്ചുകൊണ്ട്‌ നെയ്യാറ്റിൻകര രൂപതയിൽ ഉൾപ്പെടുന്ന തെക്കൻ കുരിശുമല തീർത്ഥാടനം 21-ന്‌ സമാപിക്കും. നാനാജാതി മതസ്ഥരായ തീർത്ഥാടകർ സംഗമവേദിയിൽ നിന്നും നെറുകയിലേക്കുള്ള കുരിശിന്റെ വഴി പൂർത്തിയാക്കി തിരിച്ചിറങ്ങുമ്പോൾ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട്‌ ദൈവസാന്നിധ്യത്താ ൽ ധന്യരാകുന്നു. ബൽജിയംകാരനായ ഫാ. ജോൺ ബാപ്‌റ്റിസ്റ്റ്‌ (ഒ.സി.ഡി) ആരാധനയ്‌ക്കുവേണ്ടി കൊണ്ടകെട്ടിമലയുടെ നെറുകയിൽ ചെമ്പിൽ തീർത്ത കുരിശ്‌ നാട്ടിയതോടെയാണ്‌ കുരിശുമല കേരളത്തിലും തമിഴ്‌നാട്ടിലും പ്രസിദ്ധമായത്‌. ഫാ. ഫ്രാൻസീസ്‌ നീറ്റാണിയാണ്‌ ഇപ്പോഴത്തെ കുരിശും അതിനോടു ചേർന്ന അൾത്താരയും പണി കഴിപ്പിച്ചത്‌. മോൺ. എസ്‌. തോമസ്‌, മോൺ. ജി. ക്രിസ്‌തുദാസ്‌, ഫാ. പി. ഇഗ്നേഷ്യസ്‌, ഫാ. എം നിക്കോളാസ്‌, ഫാ. ബാപ്‌റ്റിസ്റ്റ്‌ തുടങ്ങിയ വൈദികരുടെ നിസ്‌തുലസേവനം കുരിശുമലയുടെ അനുപമമായ വളർച്ചക്ക്‌ നാഴികക്കല്ലുകളാണ്‌. 1940-കളിൽ കോഴഞ്ചേരിയിൽ നിന്ന്‌ ജോർജും കുടുംബവും സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ വന്യമൃഗങ്ങൾ നിറഞ്ഞ കൊടും വനമായ കൊണ്ടകെട്ടിയമലയിൽ എത്തിച്ചേർന്നുവെങ്കിൽ അത്‌ തികച്ചും ദൈവിക പദ്ധതിയാണ്‌. ദൈവം വെളിപ്പെടുത്തിക്കൊടുത്തതുപോലെ മലയുടെ ശൃംഖത്തിൽ കണ്ട ഗുഹയിലാണ്‌ കൃഷികാര്യങ്ങളിൽ ഏർപ്പെട്ട്‌ അവർ ദീർഘകാലം താമസിച്ചത്‌. ആരാധനയ്‌ക്കുവേണ്ടി കൊണ്ടകെട്ടിയ മലയിൽ സ്ഥാപിച്ച മരക്കുരിശാണ്‌ പിൽക്കാലത്ത്‌ കുരിശുമലയുടെ കേന്ദ്രബിന്ദുവായിതീർന്നത്‌. ആർച്ച്‌ ബിഷപ്‌ ഡോ. ജേക്കബ്‌ അച്ചാരുപറമ്പിലാണ്‌ കുരിശുമലയെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്‌. കുരിശുമല തീർത്ഥാടനകേന്ദ്രത്തിന്റെ വളർച്ചയ്‌ക്ക്‌ തിരുവനന്തപുരം അതിരൂപത ബിഷപ്‌ ഡോ എം. സൂസപാക്യം വഹിച്ച പങ്ക്‌ നിർണ്ണായകമാണ്‌.

കുരിശുമല കേരളം - തമിഴ്‌നാട്‌ സർക്കാരുകളുടെ ഭരണത്തിൻ കീഴിലാണ്‌. തലസ്ഥാന നഗരിയിൽ നിന്നും 40 കിലോമീറ്റർ ദൈർഘ്യം ഉണ്ട്‌ കുരിശുമലയിലേക്ക്‌. കുരിശുമല തീർത്ഥാടനകേന്ദ്രം രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌..