കഥ-അഞ്ജന

Schoolwiki സംരംഭത്തിൽ നിന്ന്

നന്മയുടെ തിരിനാളങ്ങൾ അണയാതിരിക്കട്ടെ.




പൂക്കളാൽ വർണശബളിതമായകുന്നിൻ താഴ്വര. മലയോരങ്ങൾക്ക് ഇടയിലൂടെ പ്രകാശ പൊൻ പുലരൊളി തൂകി വാനിലേക്ക് ഉയർന്ന പ്രഭാത സൂര്യൻ. ഒരു ചെമ്പനീർ പൂവിന്റെ നാണത്തോടെ തേജസ്സുയർത്തി ഒരു സൂര്യ പ്രഭ വാനിൽ ജ്വലിച്ചു നിൽക്കുന്നു. അത് ചുറ്റും വെളിച്ചം വാരി വിതറി. മുകളിൽ നിന്ന് പൂക്കളിലേക്ക് ഉതിർന്നു വീഴുന്ന കളങ്കമെന്തെന്നറിയാത്ത മഞ്ഞുതുള്ളികൾ സൂര്യ പ്രഭയാൽ അതിശോഭനം. ഒരു മലയാളി പെൺകൊടിതൻ സൗന്ദര്യമെന്നപ്പോൽ വിണ്ണിൽ നിൽക്കുന്ന പനിനീർ പൂവ് ഒരു ചെറു നാണത്തോടെ ഇതളുകൾ വിടർത്തി ഉദയസൂര്യനെ നോക്കി പുഞ്ചിരി തൂകുന്നു. പനിനീർ പൂവുതൻ സൗരഭ്യം നുകരാൻ വണ്ടുകൾ വന്നണയുകയായി. പ്രകാശകിരണങ്ങൾ എല്ലാ ദിക്കിലേക്കും പരന്നു. പച്ച പുതപ്പ് വിരിച്ചു നിൽക്കുന്ന പച്ച നെൽക്കതിർ പാടങ്ങൾ. നേരം പുലർന്നപ്പോഴേക്കും കുറച്ചു ആളുകൾ അവരുടെ കഷിസ്ഥലത്ത് പണിതിരക്കിലാണ്. ആ കൃഷിയിടമ കഴിഞ്ഞാൽ ഒരു വലിയ നദിയാണ്. ആ നദിയുടെ കരയിൽ ഒരു കൊച്ചു ഓലപ്പുരയുണ്ട്. ആ വീട്ടിൽ ഗീതു എന്നു പേരുള്ള ഒരു പെൺകിടാവുണ്ടായിരുന്നു. അവളുടെ ചെറുപ്പത്തിൽ തന്നെ രോഗം ബാധിച്ച് അച്ഛൻ‍ മരിച്ചു. കൂലിപ്പണിക്കു പോയാണ് അവളുടെ അമ്മ അവളെ പഠിപ്പിച്ചത്. ആ പെൺകിടാവിന്റെ കളിയും ചിരിയുമെല്ലാം ആ നദിയുടെ താളമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും എല്ലാം വല്ലാതെ അവളെ അലട്ടിയിരുന്നു. ഗീതുവിന് ചെറുപ്പം മുതലേ ദുഃഖം മാത്രമെ ലഭിച്ചിരുന്നുള്ളു. പക്ഷെ അപ്രതീക്ഷിതമായാണ് അവളെ ആ ദുരന്തം തേടിയെത്തിയത്. അവളുടെ അമ്മ കൃഷിയിടത്ത് കുഴഞ്ഞുവീണു എന്നതായിരുന്നു അവളെ തേടിയെത്തിയ ദുരന്തവാർത്ത. ആ വീഴ്ചയെ തുടർന്ന് അവളുടെ അമ്മക്ക് ചലന‌ശേഷി പൂർണമായും നഷ്ടപ്പെട്ടു. അതോടെ അവളുടെ പഠനം നിലച്ചു. എന്തുചെയ്യണമെന്നറിയാതെ ആ കുരുന്നു ബാല്യം ലോകത്തിനു മുന്നിൽ പകച്ചു നിന്നു. അവർ മുഴുപട്ടിണിയായ എത്രയോ ദിനങ്ങൾ. മരുന്നു ലഭിക്കാത്തതിനാലും, ആഹാരം ലഭിക്കാത്തതിനാലും രോഗം മൂർച്ഛിച്ച്, അവളെ ഈ ലോകത്ത് ചോദ്യ ചിഹ്നമായി നിർത്തിക്കൊണ്ട് അവളുടെ അമ്മയും മരണമടഞ്ഞു. അവൾ ഈ ലോകത്ത് ഒറ്റപ്പെട്ടു, തികച്ചും ഒരു അനാഥ എന്നപോൽ. പക്ഷെ അപ്പോഴും ദുരന്തങ്ങൾ‌ക്ക് ഒരു അവസാനമുണ്ടായിരുന്നില്ല. അവളുടെ ഗ്രാമത്തിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടു. എങ്ങും ഹരിതകം നിറഞ്ഞുനിന്നിരുന്ന നെൽക്കതിരുകൾ കരിഞ്ഞു തുടങ്ങി. പുഴയിലേയും കുളത്തിലേയും, വെള്ളം വറ്റി തുടങ്ങി. ഗ്രാമവാസികൾ ഒരിറ്റു ജലത്തിനായി അലഞ്ഞുതിരിഞ്ഞു. അവരോടൊപ്പം ഗീതുവും. ഗ്രാമത്തിൽ എല്ലാവരും മുഴുപട്ടിണിയായി. ഗീതുവിന്റെ അവസ്ഥ വളരെ ശോചനീയമായി കഴിഞ്ഞിരുന്നു. ദാഹിച്ച്, ദാഹിച്ച് അവളുടെ തൊണ്ട വരണ്ടു. പെട്ടന്ന് അവളുടെ കണ്ണുകളിലേക്ക് ആശ്ചര്യത്തിന്റെയും അതിശയത്തിന്റെയും തിരിനാളങ്ങൾ തെളിഞ്ഞു. അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴി‍ഞ്ഞിരുന്നില്ല. ഒരു ഹാൻഡ് പമ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു.ആ ജലം അവളുടെ വിശപ്പിനേയും ദാഹത്തേയും ശമിപ്പിച്ചു. അവൾ ആശ്വസത്തോടെ പാതയോരത്തുകൂടി നടന്നു. പക്ഷെ കൂടുതൽ നേരം സൂര്യന്റെ കഠിനമായ ചൂട് അവൾക്ക് സഹിക്കുവാൻ കഴിഞ്ഞില്ല. കൊഴിഞ്ഞ ചെമ്പനീർ പൂവുപോലെ അവൾ തലകറങ്ങി വീണു. നാട്ടിലെ ഏറ്റവും ധനികന്റെ വണ്ടി അതുവഴി വന്നു. വഴിവക്കിൽ തളർന്നു കിടക്കുന്ന ആ കുരുന്നിനെ ഉപേതക്ഷിക്കാൻ അയാൾക്കു തോന്നിയില്ല. അയാൾ അവളെ താങ്ങി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ദൈവഹിതം എന്നല്ലാതെ എന്തുപറയാൻ, കാർമേഘങ്ങൾ ഇരുണ്ടുകൂടി, വാനിൽ നിന്നും മഴത്തുള്ളികൾ വിണ്ണിലേക്ക് പൊഴി‍‍ഞ്ഞുചാടി. അയാൾ അവളെ വീട്ടിലേക്ക് കൊണ്ടുപോയി, മക്കളില്ലാത്ത അയാൾ അവളെ സ്വന്തം മകളായ് ഏറ്റെടുത്തു വളർത്തി. അവിടെ എല്ലാവിധ സുഖസൗകര്യങ്ങളോടെ അവൾ താമസിച്ചു.



"https://schoolwiki.in/index.php?title=കഥ-അഞ്ജന&oldid=395739" എന്ന താളിൽനിന്ന് ശേഖരിച്ചത്